Thursday 6 October 2011

മോഡിക്ക് ഒരു തുറന്ന കത്ത്‌



പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു 

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ. പി. എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ഗുജ്‌റാത്ത് മുഖ്യമന്ത്രി നാരേന്ദ്ര മോഡിക്കയച്ച കത്തിന്റെ മലയാളം പരിഭാഷയുടെ പൂര്‍ണ്ണ രൂപമാണിത്. ഫാഷിസത്തിന്റെ സിംഹാസനക്കല്ലുകളെ ഇളക്കാന്‍ ശക്തിയുണ്ട് ഈ കത്തിലെ അക്ഷരങ്ങള്‍ക്ക്.

2002ലെ ഗുജറാത്ത് വംശീയ ഉന്‍മൂലന ഓപറേഷന് നേരിട്ട് സാക്ഷിയായ ഒരു ഐ.പി.എസ് ഓഫീസറുടെ ധീരമായ മനസ്സാക്ഷിയാണിത്. സാകിയ ജഫ്രിയുടെ പരാതിയിന്മേല്‍ വന്ന സുപ്രിംകോടതി തന്റെ വിജയമായി ആഘോഷിക്കുന്ന നരേന്ദ്രമോഡിക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. ഈ കത്തിലെ ഓരോ വരികളും മോഡിയുടെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

മതേതര ഇന്ത്യ നിലനില്‍ക്കുന്നത് ഇത്തരം സഞ്ജീവ് ഭട്ടുമാരിലൂടെയാണ്. വംശഹത്യയില്‍ മോഡിക്കുള്ള പങ്ക് വ്യക്തമാക്കി ഭട്ട് നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് മോഡി ഭരണകൂടം ഭട്ടിനെ സസ്‌പെന്റ് ചെയ്തത്. ശത്രു എത്രവലിയവനാണെങ്കിലും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്നോട്ടില്ലെന്ന പ്രഖ്യാപനം കൂടിയാണീ കത്ത്.

പ്രിയപ്പെട്ട ശ്രീ മോഡി,

ആറ് കോടി ഗുജ്‌റാത്തികള്‍ക്ക് താങ്കള്‍ ഒരു തുറന്ന കത്തെഴുതിയതില്‍ ഞാന്‍ സന്തോഷവാനാണ്. അത് നിങ്ങളുടെ മനസ്സ് കാണാനുള്ള ജാലകം മാത്രമല്ല എനിക്ക് നല്‍കുന്നത്, അതേ വഴിയിലൂടെ താങ്കള്‍ക്ക് മറുപടി നല്‍കാനുള്ള അവസരം കൂടിയാണ്.

എന്റെ പ്രിയപ്പെട്ട സഹോദരാ, സാകിയ നസീം ഇഹ്‌സാനും ഗുജ്‌റാത്ത് സര്‍ക്കാറുമായുള്ള പ്രത്യേക അനുമതി ഹരജിയുടെ ഭാഗമായ ക്രിമിനല്‍ അപ്പീലില്‍ ബഹുമാനപ്പെട്ട സുപ്രിംകോടതി എത്തിച്ചേര്‍ന്ന തീരുമാനത്തെയും പുറപ്പെടുവിച്ച വിധിയെയും താങ്കള്‍ തെറ്റായി ധരിച്ചിരിക്കുകയാണ്. നിങ്ങളെ തിരഞെടുക്കപ്പെട്ട നേതാവായി കാണുന്ന ‘ആറു കോടി ഗുജ്‌റാത്തുകാരെ’ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

ചില രാഷ്ട്രീയ മേഖലകളില്‍ നിന്നും കോടതി വിധിയില്‍ ആഘോഷമുണ്ടാകുന്ന ഈ സാഹചര്യത്തില്‍ ഗുജ്‌റാത്തിയായ ഒരു ഇളയ സഹോദരന്‍ എന്ന നിലയില്‍ സുപ്രിംകോടതിയുടെ ഉത്തരവിനെക്കുറിച്ച് വിശദീകരിക്കാന്‍ എന്നെ അനുവദിക്കുക. ”സുപ്രിംകോടതിയുടെ ഉത്തരവില്‍ നിന്ന് ഒരു കാര്യം പ്രകടമാണ്. 2002ലെ കലാപത്തിന് ശേഷം എനിക്കും ഗുജറാത്ത് സര്‍ക്കാറിനുമെതിരെ ഉന്നയിക്കപ്പെട്ട അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ സൃഷ്ടിച്ച അനാരോഗ്യകരമായ അന്തരീക്ഷം ഇല്ലാതാക്കിയിരിക്കുന്നു” എന്ന് താങ്കള്‍ കത്തില്‍ പറയുന്നുണ്ട്.

ഞാനൊരു കാര്യം വ്യക്തമാക്കട്ടെ, സുപ്രിംകോടതി പുറപ്പെടുവിപ്പിച്ച വിധിയിലൊരിടത്തും സാകിയ ജഫ്രിയുടെ പരാതിയിന്മേലുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതോ വ്യാജമോ ആണെന്ന് പറഞ്ഞിട്ടില്ല. വസ്തുതയെന്തെന്നാല്‍, ഗുജറാത്ത് വംശഹത്യയിലെ പ്രതീക്ഷകളില്ലാത്ത ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ദിശയില്‍ വലിയൊരു മുന്നേറ്റമാണിത്. താങ്കള്‍ക്ക് വ്യക്തമായി അറിയുന്നത് പോലെ തന്റെ പരാതി എഫ്.ഐ.ആര്‍ ആയി രജിസ്റ്റര്‍ ചെയ്യണമെന്ന അപേക്ഷയുമായാണ് സാകിയ ജഫ്രി കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഈ പരാതി നിരസിച്ചു. പ്രത്യേകാനുമതി ഹരജിയിലൂടെ ഹൈകോടതിയുടെ ഉത്തരവിനെതിരെ സാകിയ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

പരാതി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് സുപ്രിംകോടതി നിര്‍ദേശിക്കുകയും ഇവര്‍ ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ പ്രഗത്ഭനായ അഭിഭാഷകനെ അമിക്കസ് ക്യൂരിയായി നിയോഗിക്കുകയും ചെയ്തു. ദൈര്‍ഘ്യമേറിയ ബുദ്ധിമുട്ടേറിയ ഇത്തരം നടപടികള്‍ക്ക് ശേഷം സാകിയയുടെ അപ്പീല്‍ പരിഗണിക്കുക മാത്രമല്ല സുപ്രിംകോടതി ചെയ്തത്, അവരുടെ പരാതി എഫ്. ഐ. ആര്‍ ആയി സങ്കല്‍പിച്ച് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 173 (2) വകുപ്പനുസരിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ പ്രത്യേക സംഘത്തോട് നിര്‍ദേശിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.

താങ്കളുടെയും താങ്കളുടെ സഹോദരി സഹോദരന്മാരായ ആറു കോടി ഗുജ്‌റാത്തികളുടെയും പ്രയോജനത്തിനായി സ്പഷ്ടമാക്കട്ടെ, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 173 (2) പ്രകാരം സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടാണ് സമാന്യ ജനങ്ങള്‍ പറയുന്ന കുറ്റപത്രം അഥവാ അന്തിമ റിപ്പോര്‍ട്ട്. ശേഖരിച്ച എല്ലാ തെളിവുകളും അമിക്കസ് ക്യൂരിയുടെ റിപ്പോര്‍ട്ടും അധികാരപ്പെട്ട മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാനും പ്രത്യേക ദൗത്യസംഘത്തോട് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ നിയമം അതിന്റെ മാര്‍ഗം സ്വീകരിക്കാന്‍ പാകത്തില്‍ ഇതിനെ താങ്കള്‍ സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡനുസരിച്ച് സുപ്രിംകോടതിക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗമായിരുന്നു ഇത്.

സാകിയ യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചതിലും കൂടുതലാണ് സുപ്രിംകോടതി അവര്‍ക്ക് നല്‍കിയിരിക്കുന്നത്. സംശയത്തോടെ നമ്മള്‍ പുകഴ്ത്തുന്ന ഈ വിധി ശരിക്കും ബുദ്ധിപൂര്‍വ്വമായി എഴുതപ്പെട്ട ഒന്നാണ്. പ്രതിഫലത്തിന്റെ ദിവസത്തിലേക്ക് 2002ലെ നരഹത്യ ആസുത്രണം ചെയ്തവരെയും സാധ്യമാക്കിയവരെയും കുറച്ചു കൂടി അടുപ്പിക്കുന്നു. ഇപ്പോഴത്തെ വീമ്പിളക്കല്‍ എളുപ്പത്തില്‍ പറ്റിക്കാവുന്ന ഗുജ്‌റാത്ത് ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. നീതിന്യായ പ്രത്യാഘാതം ഉണ്ടാകുമ്പോള്‍ വളരെ വ്യത്യസ്തമായ ഒരു ചിത്രം നമ്മള്‍ കാണും.

താങ്കളെപ്പോലുള്ളവര്‍ ബോധപൂര്‍വ്വമോ ദുരുദ്ദേശ്യത്തിനായോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ ‘ആറു കോടി ഗുജറാത്തികളില്‍’ ഒരാളെന്ന നിലക്ക് എനിക്ക് വളരെ വേദനയുണ്ട്. അഡോള്‍ഫ് ഹിറ്റ്‌ലറുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന നാസി ജര്‍മനിയിലെ പ്രചാരണ വിഭാഗം മന്ത്രിയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സ് ആവിഷ്‌കരിച്ച് നടപ്പാക്കിയ സിദ്ധാന്തം കുറച്ച് കാലത്തേക്ക് ഭൂരിഭാഗം ജനങ്ങളിലും തീര്‍ച്ചയായും ചിലപ്പോള്‍ ഫലം കാണും. എന്നാല്‍ ഗീബല്‍സിന്റെ പ്രചാരണം കൊണ്ട് എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്ന് ചരിത്രത്തില്‍ നിന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.

‘വെറുപ്പിനെ ഒരിക്കലും വെറുപ്പു കൊണ്ട് ജയിക്കാനാകില്ല’ എന്ന താങ്കളുടെ തിരിച്ചറിവിനെ ഞാന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഈ സംസ്ഥാനത്തെ കഴിഞ്ഞ ഒരു ദശകമായി സേവിക്കുന്ന താങ്കള്‍ക്കും കഴിഞ്ഞ 23 വര്‍ഷമായി ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന എനിക്കുമല്ലാതെ മറ്റാര്‍ക്കാണ് ഇത് ഇത്രയും നന്നായി അറിയുക. ഗുജറാത്തിലെ വിവിധ വേദികളില്‍ വെറുപ്പിന്റെ നൃത്തം സംവിധാനം ചെയ്ത് അരങ്ങേറ്റം ചെയ്യപ്പെട്ട 2002ലെ ആ ദിവസങ്ങളില്‍ താങ്കളെ സേവിക്കേണ്ട ദൗര്‍ഭാഗ്യം എനിക്കുണ്ടായി. നമ്മളോരോരുത്തരും വഹിച്ച പങ്കിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഉചിതമായ വേദി ഇതല്ല. ഉചിതവും അധികാരപ്പെട്ടതുമായ വേദി ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവിടെ വെറുപ്പിന്റെ ബലതന്ത്രം സംബന്ധിച്ചുള്ള നമ്മുടെ അറിവുകള്‍ ഗുജറാത്തിന്റെ അധികാരം കേന്ദ്രീകരിച്ചിട്ടുള്ള യഥാര്‍ത്ഥ രാഷ്ട്രീയത്തെ വെളിപ്പെടുത്തും. താങ്കളും സര്‍ക്കാറിനകത്തും പുറത്തുമുള്ള താങ്കളുടെ സുഹൃത്തുക്കളും ഇതിന്റെ പേരില്‍ എന്നെ കൂടുതലായി വെറുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

‘നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തവരുടെ വിശ്വാസ്യത അഗാധ ഗര്‍ത്തത്തിലെത്തിയിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ഇത്തരക്കാരെ ഇനിയൊരിക്കലും വിശ്വസിക്കില്ല’ എന്ന് താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കില്ല. പക്ഷേ എന്റെ പ്രിയപ്പെട്ട സഹോദരാ, ആരാണ് നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് എന്നതില്‍ താങ്കള്‍ക്ക് തീര്‍ത്തും തെറ്റ് പറ്റിയിരിക്കുന്നു. സത്യം പുറത്ത് കൊണ്ട് വരുന്നതിനും നീതി ഉറപ്പാക്കുന്നതിനും വേണ്ടി അവിരാമം പോരാടുന്ന അശരണരായ ഇരകളല്ല ഗുജറാത്തിന് അപമാനം കൊണ്ടുവന്നത്, മറിച്ച് രാഷ്ട്രീയ, തിരഞെടുപ്പ് മുതലെടുപ്പിനായി വെറുപ്പ് വിതച്ച് വളര്‍ത്തിയയാളുകളുടെ നികൃഷ്ടമായ പ്രവര്‍ത്തികളാണെന്ന് എന്റെ മനസ്സ് പറയുന്നു. ദയവായി ഇതേക്കുറിച്ച് ചിന്തിക്കൂ. ആത്മപരിശോധന ചിലപ്പോഴെങ്കിലും വെളിപാടുകള്‍ക്ക് വഴിതുറക്കാറുണ്ട്.

‘ഗുജറാത്തില്‍ സമാധാനവും ഐക്യവും സൗഹാര്‍ദവുമുള്ള അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്’ താങ്കള്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. 2002ന് ശേഷം ഗുജറാത്തില്‍ വര്‍ഗ്ഗീയ അക്രമങ്ങള്‍ വലിയ തോതില്‍ ഉണ്ടായിട്ടില്ല എന്നതിന് താങ്കളോടും താങ്കളുടെ ബന്ധുക്കളോടും എനിക്ക് നന്ദിയുണ്ട്.

ഇതിന്റെ കാരണം നമ്മുടെ ‘ആറു കോടി ഗുജറാത്തികള്‍ക്ക്’ മനസ്സിലായിട്ടുണ്ടാകില്ല. ഐ.പി.എസില്‍ എന്റെ 24-മത്തെ വര്‍ഷമാണിത്. സംസ്ഥാനം വ്യാപകമായ വര്‍ഗ്ഗീയ അക്രമങ്ങള്‍ക്ക് സാക്ഷിയായ കാലത്താണ് ഗുജറാത്ത് കേഡറിലേക്ക് എന്നെ നിയോഗിച്ചത്. അഗ്നിയാല്‍ ഞ്ജാന സ്‌നാനം ചെയ്യപ്പെട്ടത് കൊണ്ട് അന്ന് മുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും വെറുപ്പിന്റെ വിഭാഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന താങ്കളെപ്പോലുള്ളവരുമായി ഇടപെടാനും ഞാനും ശ്രമിച്ചുവരികയാണ്. എന്റെ നിരീക്ഷണം എന്തെന്നാല്‍, വര്‍ഗ്ഗീയ അക്രമം കൊണ്ട് ഏതെങ്കിലും പാര്‍ട്ടിക്ക് തിരഞെടുപ്പില്‍ പ്രയോജനമുണ്ടാകുമെന്ന രാഷ്ട്രീയ അവസ്ഥ ഗുജറാത്ത് മറികടന്നു കഴിഞ്ഞിരിക്കുന്നു. കാരണം വര്‍ഗ്ഗീയ ചേരിതിരിവ് ഇവിടെ ഏതാണ്ട് പൂര്‍ണ്ണമായി കഴിഞ്ഞു.

വിഭാഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണം ഗുജറാത്തിന്റെ പരീക്ഷണശാലയില്‍ വളരെ വിജയകരമായിരുന്നു. താങ്കളും താങ്കളെപ്പോലെയുള്ളവരും ‘ആറു കോടി ഗുജറാത്തി്’കളുടെ മനസ്സിലും ഹൃദയത്തിലും വിള്ളലുണ്ടാക്കുന്നതില്‍ വിജയിച്ചു. കൂടുതല്‍ വര്‍ഗ്ഗീയ അക്രമം നടത്തേണ്ട ആവശ്യം ഗുജറാത്തില്‍ ഇനി ഇല്ല.

നമ്മുടേത് പോലുള്ള ഭരണഘടനാ ജനാധിപത്യത്തില്‍, ഏത് സാഹചര്യത്തിലും സമയത്തും ഉത്തമ വിശ്വാസത്തില്‍ പ്രവര്‍ത്തിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. 2002 ഫെബ്രുവരി 27ലെ പ്രഭാതത്തില്‍ ഗോധ്രയില്‍ സംഭവിച്ച അപലപനീയമായ സംഭവത്തിനോടുള്ള പെട്ടന്നുണ്ടായ പ്രതികരണമാണ് ഗുജറാത്ത് കൂട്ടക്കൊല എന്ന പ്രചാരണത്തിന്റെ ഇരകളായിത്തീര്‍ന്നിട്ടുണ്ട് കഴിഞ്ഞ ഒന്‍പതര മാസമായി കുറേ പേര്‍. ന്യൂട്ടന്റെ നിയമം മുന്‍പൊരിക്കലും ഇത്രത്തോളം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല. 2002ല്‍ കൂട്ടക്കുരുതി അതിന്റെ ഉച്ചസ്ഥായിലെത്തിയപ്പോള്‍ ന്യൂട്ടന്റെ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവിനെയും ധാരണയെയും ആശ്രയിച്ച് നിങ്ങളത് രാഷ്ട്രീയത്തിലും ഭരണത്തിലും പ്രയോഗിക്കുകയായിരുന്നു.

നീതിക്ക് വേണ്ടി പൊരുതുന്ന അശരണരായ ഇരകളുടെ ആത്മവീര്യം ദുര്‍ബലമായേക്കാം, എന്നാല്‍ ഗീബല്‍സിയന്‍ പ്രചരണത്തിലൂടെ അത് അടിച്ചവര്‍ത്താനാവില്ല
പക്ഷേ നിങ്ങള്‍ ഒരു കാര്യം മനപൂര്‍വ്വം മറന്നു, ഭരണഘടനാ ജനാധിപത്യത്തിലെ മതേതര ഭരണകൂടത്തിന് വിഭാഗീയമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന ഭരണത്തെ സംബന്ധിച്ച് സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട തത്വത്തെ. ന്യൂട്ടന്റെ സിദ്ധാന്തമനുസരിച്ചുള്ള പ്രതിപ്രവര്‍ത്തനത്തിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് നിയന്ത്രിക്കുക എന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. അല്ലാതെ, നിരപരാധികളായ വ്യക്തികളെ ആസൂത്രിതമായി ലക്ഷ്യമിടുക എന്നതല്ല.

അതെന്തായാലും, മഹാത്മയുടെ ഭൂമിയില്‍ സദ്ഭാവന ഉണ്ടാക്കുക എന്ന താങ്കളുടെ പ്രഖ്യാപിത ലക്ഷ്യത്തോടുള്ള ഐക്യദാര്‍ഢ്യമെന്ന നിലയില്‍ സദാഭാവന മിഷനില്‍ താങ്കള്‍ക്കൊപ്പം ചേരാന്‍ ഞാന്‍ തയ്യാറാണ്. സത്യം പുറത്തു വരാന്‍ സഹായിക്കുകയും നീതിയുടെ അന്തസത്തയും സൗമനസ്യവും നിലനില്‍ക്കാന്‍ അനുവദിക്കുകയെന്നുമാണ് അതിനുള്ള ഏറ്റവും നല്ല വഴി. ഗുജറാത്തിന്റെ ഭരണത്തിലും നയങ്ങളിലും സദ്ഭാവന മിഷന്‍ സംഭാവനകള്‍ നല്‍കുമെങ്കില്‍ ഞാന്‍ ഉറപ്പിച്ചു പറയുന്നു, ഞാനതില്‍ പങ്കു ചേരാന്‍ തയ്യാറാണ്.

പക്ഷേ, നിങ്ങള്‍ക്കൊരു മുന്നറിയിപ്പെന്നോണം പറയട്ടെ, സ്വാഭാവികമായും ഹൃദയത്തില്‍ തട്ടിയുള്ളതുമായ സൗമനസ്യം നമുക്ക് ആവശ്യപ്പെടാവുന്ന ഒന്നല്ല, വാങ്ങാവുന്നതോ ഭീഷണിപ്പെടുത്തി ഈടാക്കാവുന്നതോ അല്ല, അത് അര്‍ഹതപ്പെട്ടതാക്കാന്‍ ശ്രമിക്കാന്‍ മാത്രമെ സാധിക്കൂ. അത്ര എളുപ്പമുള്ള ദൗത്യമല്ല അത്. മഹാത്മയുടെ ഭൂമി മായാ നിദ്രയില്‍ നിന്ന് പതുക്കയാണെങ്കിലും ഉണരുകയെന്നത് തീര്‍ച്ചയാണ്.

സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും കാഴ്ചപ്പാടുകളോട് ഉത്തരവാദിത്വം തോന്നേണ്ടതില്ലെന്ന് ഗുജറാത്തിലെ ഏറ്റവും ആധികാരികമേറിയ വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് തോന്നുന്നുണ്ടാകും. എന്നാല്‍ സ്വഭാവിക സൗമനസ്യം ഇല്ലാത്ത, അധികാരം കത്തിയില്‍ നീണ്ടു നില്‍ക്കുന്ന, തിരിച്ചു വരാന്‍ സാധിക്കാത്ത പാതയാണെന്ന് ചരിത്രം പലതവണ തെളിയിച്ചിട്ടുണ്ട്.

സദ്ഭാവത്തിന് മുന്നോടിയായി സംഭവിക്കേണ്ടതാണ് സമത്വഭാവം. ന്യായബോധവും സൗമനസ്യവും ഉള്ള ഭരണം താങ്കളുടെ വിശ്വാസത്തിലെ ആദ്യത്തെ ഖണ്ഡികയിലും മതവിശ്വാസത്തിന്റെ അവസാനത്തെ ഖണ്ഡികയിലുമാവണം.

സത്യമെപ്പോഴും കൈപ്പേറിയതും വിഴുങ്ങാന്‍ പ്രയാസമുള്ളതുമായിരിക്കും. ഈ കത്ത് അത് എഴുതിയതിന്റെ യഥാര്‍ത്ഥ അന്തസത്തയില്‍ താങ്കള്‍ ഉള്‍കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ പതിവ് അനുസരിച്ച് നേരിട്ടോ അല്ലാതെയോ ഉള്ള പ്രതികാര നടപടിക്ക് താങ്കളോ ഏജന്റുമാരോ തയ്യാറാകില്ലെന്നും കരുതുന്നു.

എവിടെയെങ്കിലും സംഭവിക്കുന്ന അനീതി എല്ലായിടത്തുമുള്ള നീതിക്ക് നേര്‍ക്കുയരുന്ന വെല്ലുവിളിയാണെന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ വാക്കുകള്‍ ഞാനോര്‍മ്മിപ്പിക്കുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന അശരണരായ ഇരകളുടെ ആത്മവീര്യം ദുര്‍ബലമായേക്കാം, എന്നാല്‍ ഗീബല്‍സിയന്‍ പ്രചരണത്തിലൂടെ അത് അടിച്ചവര്‍ത്താനാവില്ല. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ലോകത്തൊരിടത്തും എളുപ്പമായിട്ടില്ല. ക്ഷയിക്കാത്ത ക്ഷമയും പരാജയപ്പെടാത്ത സ്ഥിരോത്സാഹവും ഈ പോരാട്ടം എല്ലാ കാലത്തും ആവശ്യപ്പെടുന്നു. ഗുജറാത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി കുരിശു യുദ്ധം ഈ കവിത സംഗ്രഹിക്കുന്നുണ്ട്. ബറോഡയിലെ എം. എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഭുജും സോനം എഴുതിയതാണീ വരികള്‍.

എനിക്ക് തത്വങ്ങളുണ്ട്, അധികാരമില്ല
നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്വങ്ങളില്ല
നിങ്ങള്‍ നിങ്ങളായതു കൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തു തീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അത്‌കൊണ്ട് യുദ്ധം തുടങ്ങാം….

എനിക്ക് സത്യമുണ്ട്, സൈന്യമില്ല
നിങ്ങള്‍ക്ക് സൈന്യമുണ്ട്, സത്യമില്ല
നിങ്ങള്‍ നിങ്ങളായതു കൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തു തീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അത്‌കൊണ്ട് യുദ്ധം തുടങ്ങാം….

നിങ്ങള്‍ എന്റെ തല തല്ലി തകര്‍ത്തേക്കാം
ഞാന്‍ പൊരുതും
നിങ്ങള്‍ എന്റെ പല്ലുകള്‍ പൊടിച്ചേക്കാം
ഞാന്‍ പൊരുതും
നിങ്ങള്‍ എന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം
ഞാന്‍ പൊരുതും

സത്യം എന്നിലോടുന്നു
ഞാന്‍ പൊരുതും
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്
ഞാന്‍ പൊരുതും
എന്റെ അവസാന ശ്വാസം വരെ
ഞാന്‍ പൊരുതും
നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങള്‍
തീര്‍ത്ത കൊട്ടാരം തകര്‍ന്നു വീഴും വരെ
ഞാന്‍ പൊരുതും
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തന്റെ മാലാഖയ്ക്കു മുന്നില്‍
മുട്ടുകുത്തും വരെ

എല്ലാവരോടും നീതിബോധവും കൃപയുമുള്ളവനാകുവാന്‍ വേണ്ട ശക്തി ദയാപരനായ ദൈവം താങ്കള്‍ക്ക് നല്‍കട്ടെ!

സത്യമേവ ജയതേ
ആശംസകളോടെ

വിശ്വാസപൂര്‍വ്വം
സഞ്ജീവ് ഭട്ട്

No comments:

Post a Comment