Friday, 30 September 2011

ദയാപിറവിയില്‍ ഒരു പെണ്‍ജീവിതംമധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലൊരു ക്യൂ. ഒരു വയസിനും അഞ്ചുവയസിനും ഇടയില്‍ പ്രായമായ പെണ്‍കുഞ്ഞുങ്ങളെയും ചുമലിലേറ്റി കുറേ അമ്മമാര്‍ നിരന്നുനില്‍ക്കുന്നുണ്ട്‌. പേര്‌ വിളിക്കുന്ന മുറയില്‍ ഓരോ പെണ്‍കുട്ടികളേയും തിയേറ്ററിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകും. മണിക്കൂറുകള്‍ കഴിയുമ്പോള്‍ കുട്ടികള്‍ പോസ്‌റ്റ്‌ ഓപ്പറേഷന്‍ ഐ.സി.യുവിലേക്ക്‌ മാറ്റപ്പെടും. അവിടെ അവന്‍ പുതിയ പേരുകളിലായിരിക്കും അറിയപ്പെടുന്നത്‌. അനുരാധ എന്ന പേരുമായി ശസ്‌ത്രക്രിയാ മുറിയില്‍ പ്രവേശിച്ച മൂന്നുവയസുകാരി അരുണ്‍ ആയും, ഇന്ദു എന്ന പേരുകാരി ഇന്ദ്രജിത്തായും മാറ്റപ്പെടുന്നു. പിന്നെ ഹോര്‍മോണുകളും മരുന്നും കുത്തിനിറച്ച്‌ ബ്രോയ്‌ലര്‍ കോഴിയെ മാംസം വളര്‍ത്തി കച്ചവടച്ചരക്കാക്കി മാറ്റും പോലെ അവളെ അവന്മാരാക്കി പോറ്റും .
`ജെനിറ്റോപ്ലാസ്‌റ്റി' എന്ന പേരില്‍ അടുത്തിടെ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന പുതിയൊരു പാശ്‌ചാത്യ വൈദ്യശാസ്‌ത്ര മേഖലയുടെ കച്ചവട സാധ്യതയാണ്‌ മേല്‍ വിവരിച്ചത്‌. പെണ്ണായി ജനിക്കുന്നവരെ ആണാക്കാനും ആണായി പിറന്നവനെ പെണ്ണാക്കാനും ശാസ്‌ത്രം വികസിപ്പിച്ചെടുത്ത ശസ്‌ത്രക്രിയയാണ്‌ `ജെനിറ്റോപ്ലാസ്‌റ്റി'. പെണ്‍ജീവിയുടെ ശരീരത്തില്‍നിന്നും ഗര്‍ഭാശയമടക്കമുള്ള പെണ്‍മ എല്ലാം അറുത്തുമാറ്റിയശേഷം ആണ്‍ജീവിയായി ശസ്‌ത്രക്രിയയിലൂടെ പുതുജന്മം നല്‍കുന്ന ഏര്‍പ്പാടാണിത്‌. എന്നാല്‍ ആണ്‍കുട്ടിയെ പെണ്ണാക്കാന്‍ ശാസ്‌ത്രത്തിന്‍െറ ഈ മഹാകണ്ടുപിടിത്തം ഉപയോഗിക്കുന്നില്ല എന്നതാണ്‌ ഏറ്റവും സങ്കടകരമായ വസ്‌തുത.
പെണ്‍കുട്ടികളെ വളര്‍ത്താന്‍ ആര്‍ക്കും താല്‍പര്യമില്ലെന്നതിന്‍െറ വ്യക്‌തമായ ഉദാഹരണമാണ്‌ ഇവിടെ വെളിവാകുന്നത്‌. ഗര്‍ഭസ്‌ഥശിശുവിന്‍െറ ലിംഗനിര്‍ണയം നിയമം മൂലം നിരോധിച്ചിട്ടും ആ പരിശോധന വ്യാപകമായി നടക്കുകയും പെണ്‍ഭ്രൂണത്തെ മുളയിലേ കൊന്നുകളയുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ ഗര്‍ഭഛിദ്രം കഴിയാത്ത അവസ്‌ഥയില്‍ കൊല്ലുന്നത്‌ മുടങ്ങും.
കൊന്നാല്‍ മാതാവും കൊല്ലപ്പെട്ടേക്കാം എന്ന ഗുരുതര അവസരങ്ങളില്‍ ദയാവധം പോലെ `ദയാപിറവി' അനുവദിക്കും. പിറന്നാല്‍ പിന്നെ തീവണ്ടിയുടെ ക്ലോസറ്റുവഴിയോ കുപ്പത്തൊട്ടി വഴിയോ അവളെ ഉപേക്ഷിക്കാം. ചിലര്‍ക്ക്‌ അത്രയും വലിയ ക്രൂരതക്ക്‌ മനസ്സ്‌ വരില്ല. അത്തരം `മനഃസാക്ഷി'യുള്ള
രക്ഷാകര്‍ത്താക്കള്‍ക്ക്‌ വേണ്ടിയാണ്‌ നമ്മുടെ ഈ പുതിയ ശസ്‌ത്രക്രിയ ഉപകാരപ്പെടുന്നത്‌.
ജനിതക വൈകല്യത്തിലൂടെ മൂന്നാം ലിംഗത്തില്‍ പിറക്കുന്നവരെ സാധാരണ ജീവിതത്തിലേക്ക്‌ കൊണ്ടുവരാന്‍ ചെയ്യുന്ന വളരെ സങ്കീര്‍ണമായ ശസ്‌ത്രക്രിയയാണ്‌ ജെനിറ്റോപ്ലാസ്‌റ്റി. ഈ ശസ്‌ത്രക്രിയയാണ്‌ ഇപ്പോള്‍ വെറും സൗകര്യങ്ങള്‍ക്കുവേണ്ടി നടത്തുന്നത്‌. ഇത്തരത്തില്‍ ശസ്‌ത്രക്രിയ നടത്തിയ ആണായി മാറിയ കുട്ടികള്‍ വളര്‍ന്ന്‌ വലുതാകുമ്പോള്‍ അവരില്‍ പ്രത്യുത്‌പാദന ശേഷിയടക്കം ആണ്‍ ഗുണങ്ങള്‍ എന്തെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. എന്നിട്ടും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മുന്നൂറിലധികം പെണ്‍കുട്ടികളാണ്‌ ആണ്‍കുട്ടികളായി ജനിതക മാറ്റത്തിലൂടെ മാറിയത്‌. ആണിന്‍െറ കൃത്രിമ രൂപവും പെണ്‍ശരീരവും മനസുമായി ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുന്ന മനുഷ്യക്കുട്ടികളെയാണ്‌ നമ്മളിനി കാണാന്‍ പോകുന്നത്‌.

No comments:

Post a Comment